മെയ് 6 ഈ വർഷത്തെ ലോക ആസ്മ ദിനമായിട്ടാണ് കണക്കാക്കുന്നത്. ആസ്മയെക്കുറിച്ചും ആസ്മയുടെ ശരിയായ ചികിത്സയെക്കുറിച്ചും ലോകത്തിലെ ജനങ്ങളെ ബോധവാന്മാരാക്കുവാനാണ് ഇങ്ങനെയൊരു ദിവസം ലോകമെമ്പാടും ആചരിക്കുന്നത്. ലോകത്തിൽ ഏകദേശം 260 ദശലക്ഷം ജനങ്ങൾ ആസ്ത്മ രോഗമുള്ളവരാണ്. അമേരിക്കയിൽ മാത്രം ഇത് 25 ദശലക്ഷം വരും. 4.5 ലക്ഷം ജനങ്ങൾ ഓരോ വർഷവും ആസ്മ മൂലം മരിക്കുന്നുണ്ട്. ഇത് അവികസിത രാജ്യങ്ങളിൽ വളരെ കൂടുതലാണെന്നു കണക്കാക്കിയിട്ടുണ്ട്.
ആസ്മ ചെറുപ്പക്കാരിലും കുട്ടികളിലുമാണ് അധികം കാണുന്നത്. അത് കൊണ്ട് തന്നെ അവരുടെ വളർച്ചയുടെ കാലഘട്ടം, വിദ്യാഭ്യാസത്തിന്റെ കാലഘട്ടം എന്നിവ വളരെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ശരിയായ ചികിത്സ ലഭിക്കാതെ വരുമ്പോൾ ആസ്മ ചികിൽസിച്ചു മാറ്റാൻ ബുദ്ധിമുട്ടുള്ള രോഗമായി മാറുന്നു. ആസ്മ കൊണ്ടുള്ള മരണനിരക്ക് കൂടാനും ഇത് കാരണമാകാം.
ആസ്മ രോഗം പൂർണമായി മാറ്റാൻ പറ്റില്ല എന്ന അറിവ് രോഗിക്കും കുടുംബങ്ങൾക്കും നൽകണം. അതെ സമയം ശരിയായ ചികിത്സയിലൂടെ ഇത് നിയന്ത്രിച്ചു നിർത്താനും വർഷങ്ങളോളം രോഗലക്ഷണങ്ങളില്ലാതെ ജീവിക്കാനും കഴിയും. ഈ വർഷത്തെ ആസ്മ ദിനത്തിൽ നമ്മളെ ഓർമിപ്പിക്കുന്നത് ആസ്മക്കുള്ള ശരിയായ ഇൻഹേലർ മരുന്നുകൾ എല്ലാവര്ക്കും ലഭ്യമാക്കുക എന്നതാണ്.
ഇന്‍ഹേലര്‍ നിര്‍ത്താന്‍ പറ്റില്ലേ ?
ഇൻഹലേറിനെ കുറിച്ച് വളരെയധികം മിഥ്യാധാരണ പലർക്കുമുണ്ട്. ഒന്നാമതായി ഇതിൽ സ്റ്റിറോയ്ഡ് അടങ്ങിയിട്ടുണ്ട് എന്നുള്ളതാണ്. രണ്ടാമത്തെ സംശയം ഇൻഹേലർ ചികിത്സ തുടങ്ങിയാൽ ഒരിക്കലും നിർത്താൻ പറ്റില്ല എന്നുള്ളതാണ്. സത്യത്തിൽ ഇൻഹേലറിൽ അടങ്ങിയിട്ടുള്ള സ്റ്റിറോയ്ഡ് വളരെ ചെറിയ മാത്രയിലാണ്. ഇത് രക്തത്തിൽ പ്രവേശിക്കുന്നത് തുച്ഛമായ അളവിലായതിനാൽ തന്നെ ഗുളിക രൂപത്തിലും ഇൻജെക്ഷൻ ആയും ഉപയോക്കുന്ന സ്റ്റിറോയ്ഡ് പോലെ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. രണ്ടാമത്തെ സംശയം തികച്ചും അസ്ഥാനത്താണ്.
ആസ്മ ചികിത്സയുടെ പ്രത്യേകത തന്നെ രോഗം കുറയുന്നതിനനുസരിച്ചു മരുന്നുകൾ കുറച്ചു കൊണ്ട് വരികയും ഒരു സ്റ്റേജിൽ എത്തുമ്പോൾ നിർത്തുകയും ചെയ്യുക എന്നുള്ളതാണ്. പലപ്പോഴും രോഗികൾ അല്പം ആശ്വാസം കിട്ടുമ്പോൾ മരുന്ന് നിർത്തുകയും പിന്നീട് എന്തെങ്കിലും ലക്ഷണങ്ങൾ കാണുമ്പോൾ അതെ മരുന്ന് വാങ്ങി സ്വയം ചികില്സിക്കുകയുമാണ് ചെയ്യുന്നത്. ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ്. രോഗം നിയന്ത്രണവിധയമായി എന്നുള്ളത് ചിൽസിക്കുന്ന ഡോക്ടർ തന്നെ നിശ്ചയിക്കുന്നതാണ് നല്ലത്.
നല്ല ഒരു ചികിത്സ സംസ്കാരവും രോഗത്തെ കുറിച്ചുള്ള പൂർണമായ അറിവും രോഗിക്ക് ആവശ്യമാണ്. രോഗം കുറയുന്നതും മൂർച്ഛിക്കുന്നതും വിലയിരുത്താൻ കഴിയണം. ഡോക്ടറെ എപ്പോൾ കാണാമെന്നും മരുന്നിന്റെ അളവിൽ ആവശ്യമായ മാറ്റം എപ്പോൾ വരുത്തണമെന്നും രോഗിയും അടുത്ത ബന്ധുക്കളും അറിഞ്ഞിരിക്കണം . ആസ്മ കൂടാനുള്ള സാഹചര്യം ഒഴിവാക്കുക, പൊടിയും പുകയും നിറഞ്ഞ അന്തരീക്ഷം ഒഴിവാക്കുക, മാനസിക സമ്മർദ്ദങ്ങളും അമിതമായ വ്യായാമങ്ങളും ഒഴിവാക്കുക, യാത്രയിലും മറ്റും ആവശ്യത്തിന് റെസ്ക്യൂ മെഡിസിൻ കയ്യിൽ കരുതുക, ഇതൊക്കെ ഒരു രോഗിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. ആസ്മ ഉണ്ടാവാനുള്ള കാര്യങ്ങളെ തിരിച്ചറിയുക, ആസ്മ നിയന്ത്രിക്കാനാവശ്യമായ മരുന്നുകളെ കുറിച്ച് അറിയുക, ആസ്മ മൂർച്ഛിക്കുമ്പോഴുള്ള ലക്ഷണങ്ങളെ കുറിച്ച് പഠിക്കുക, ഇത്രയൊക്കെ രോഗി അറിയേണ്ട അവശ്യവിവരങ്ങളാണ്.
ആസ്മയെ നിയന്ത്രിക്കാൻ നമുക്കെല്ലാവർക്കും കൈകോർക്കാം.
ഡോ. സി രവീന്ദ്രൻ
പള്‍മനോളജിസ്റ്റ്
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്