Thursday 08 February 2018 04:14 PM IST : By ബൈജു ഗോവിന്ദ്

കൈലാസ യാത്രയ്ക്ക് ഒരുങ്ങുകയാണോ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

kailasam

കൈലാസ പർവതം കാണാനുള്ള യാത്രയ്ക്ക് ദൃഢനിശ്ചയത്തോടെയുള്ള തയാറെടുപ്പു വേണം. വസ്ത്രം, ഭക്ഷണം, വ്യായാമം തുടങ്ങി കൃത്യമായ മുന്നൊരുക്കങ്ങൾ നിർബന്ധം.

മാലയത്തിന്റെ ചെരിവിൽ അഷ്ടപഥങ്ങളുടെ അപ്പുറത്താണ് കൈലാസ പർവതം. ഒരിക്കൽ അവിടെ പോയിട്ടുള്ളവർ ജീവിതത്തിന്റെ എല്ലാ പൊരുളും തിരിച്ചറിയുമെന്ന് അനുഭവസ്ഥർ പറയുന്നു. കനത്ത മഞ്ഞിനെ മറികടന്ന് ടിബറ്റൻ പീഠഭൂമിയിലൂടെ നടന്നാണ് കൈലാസത്തിനരികിൽ എത്തുക. ആരോഗ്യത്തെക്കാൾ ആത്മവിശ്വാസമാണ് ഈ യാത്രയ്ക്ക് കൈമുതലായി വേണ്ടത്. എൺപതു വയസ്സു കഴി‍ഞ്ഞവർ കൈലാസത്തെ പ്രദക്ഷിണം വച്ച് നിർവൃതിയോടെ തിരിച്ചു വരാറുണ്ട്. അതേസമയം, മുപ്പതു വയസ്സുള്ളവർപോലും പകുതിക്കു വച്ച് യാത്ര മതിയാക്കാറുമുണ്ട്.

കൃത്യമായ തയാറെടുപ്പില്ലാതെ, ടിബറ്റൻ പീഠഭൂമിയുമായി പൊരുത്തപ്പെടാതെ കൈലാസത്തിലെത്താൻ കഴിയില്ല. യാത്രികരെ ടിബറ്റിലേക്കു കൈപിടിച്ചു നടത്തുന്ന സ്കൂൾ ഓഫ് ഭഗവദ്ഗീതയുടെ നിർദേശങ്ങൾ കൈലാസയാത്ര എളുപ്പമുള്ളതാക്കാൻ സഹായകമാണ്.

കൈലാസ പർവതം സ്ഥിതി ചെയ്യുന്നത് ടിബറ്റിലാണ്. എങ്കിലും അവിടേക്കുള്ള വീസ അനുവദിക്കുന്നതും അതിർത്തിയിൽ രേഖകൾ പരിശോധിക്കുന്നതും ചൈനീസ് ഉദ്യോഗസ്ഥരാണ്. ടിബറ്റിനെ സ്വതന്ത്ര രാജ്യമായി നിലനിർത്താൻ രാഷ്ട്രീയ കാരണങ്ങളാൽ ചൈന തയാറല്ലെന്നതാണ് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചത്. ഇന്ത്യയിൽ നിന്നുള്ള കൈലാസ യാത്രികർക്ക് ഗ്രൂപ്പ് വീസയാണ് ലഭിക്കുക. ഒന്ന്, രണ്ട്, മൂന്ന് എന്ന ക്രമത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ട് ഓരോ സംഘത്തിലെയും യാത്രികർക്ക് നമ്പർ കുറിച്ചു നൽകും. ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യമില്ലാത്തവരാണ് ഉദ്യോഗസ്ഥരിലേറെയും. അക്കങ്ങൾ പ്രകാരം ക്യൂ നിന്നില്ലെങ്കിൽ അവർ ദേഷ്യപ്പെടും, ചിലപ്പോൾ പാസ്പോർട്ട് എടുത്തു വലിച്ചെറിയും.

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

കാഠ്മണ്ഡു മുതലുള്ള ഓരോ സ്ഥലത്തും ധരിക്കാനുള്ള വസ്ത്രങ്ങളുടെ ലിസ്റ്റ് തയാറാക്കി, അതു പ്രകാരം ആവശ്യമുള്ള വസ്ത്രങ്ങൾ മാത്രം ബാഗിൽ നിറയ്ക്കുക. വീട്ടിൽ നിന്നു കാഠ്മണ്ഡു വരെയും കാഠ്മണ്ഡുവിൽ നിന്നു വീട്ടിലേക്കുള്ള യാത്രയിലും അണിയാനുള്ള രണ്ടു ജോഡി കാഷ്വൽ വസ്ത്രങ്ങൾ ആദ്യം എടുത്തു വയ്ക്കുക. കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രത്തിൽ കയറുന്ന സമയത്തു സാരിയോ മുണ്ടോ ഉടുക്കണമെന്നു നിർബന്ധമുള്ളവർ അത്തരം വസ്ത്രം കരുതുക. ഷോപ്പിങ്ങിനു പോകുമ്പോഴും രാത്രി ഉറങ്ങുമ്പോഴും ഇടാനുള്ള ഡ്രസ് എടുക്കുക. കാഠ്മണ്ഡുവിൽ നിന്നു കൈലാസം വരെ പോകുന്നതിന് ഈ വസ്ത്രങ്ങൾ ആവശ്യമില്ല. അതുകൊണ്ട് ഇത്രയും വസ്ത്രങ്ങൾ നിറച്ച ബാഗ് കാഠ്മണ്ഡുവിൽ സൂക്ഷിക്കുകയാണ് പതിവ്.

kailasa3

യാത്രയുടെ രണ്ടാം നാൾ മുതൽ ജീൻസ് വസ്ത്രങ്ങളാണ് അനുയോജ്യം. തണുപ്പും ചൂ ടും കലർന്ന കാലാവസ്ഥയായതിനാൽ പെട്ടെന്ന് അഴിച്ചു മാറ്റാൻ പറ്റുന്ന തരത്തിലുള്ള വ സ്ത്രങ്ങൾ വാങ്ങാൻ ശ്രദ്ധിക്കുക. ജീൻസ് ഉപയോഗിച്ചു ഡിസൈൻ ചെയ്ത ഫുൾ സ്ലീവ്, സ്ലീവ് ലെസ് വസ്ത്രങ്ങൾ ലഭ്യമാണ്.

ന്യാലം എന്ന സ്ഥലം എത്തുന്നതു വരെ ലാ ൻഡ് ക്രുയിസർ ജീപ്പിലാണ് യാത്ര. ഒരു വണ്ടിയിൽ നാലുപേർ വീതമാണ് ഉണ്ടാവുക. പരസ്പരം സഹകരിച്ച് യാത്ര ചെയ്യാൻ പറ്റുമെന്ന് തോന്നുന്ന നാലു പേരെ തിരഞ്ഞെടുത്ത് വണ്ടിയിൽ കയറുക.

ന്യാലം എന്ന സ്ഥലത്ത് എത്തുമ്പോൾ രാത്രിയാകും. ടിബറ്റിലെ കാലാവസ്ഥയും പ്രകൃതിയുമായി പൊരുത്തപ്പെടാൻ അവിടെ ഒരു ദിവസം താമസിക്കാറുണ്ട്. കൈലാസ പർവതം കയറാനുള്ള പരിശീലനം നടത്താനായി ഈ സമയം ഉപയോഗിക്കുന്നു. യോഗാഭ്യാസങ്ങൾ ചെയ്ത് യാത്രികരുടെ ശരീരത്തെ പ്രാപ്തമാക്കാനുള്ള പരിശ്രമം നടത്തും. ഇവിടെയുള്ള ഒരു മല കയറി സംഘത്തിലെ ഓരോരുത്തരുടെയും ആരോഗ്യ നില പരിശോധിക്കും. ഇതൊരു സാംപിൾ ട്രെക്കിങ് ആണ്. ഈ മല കയറിയിറങ്ങുമ്പോഴേക്കും യാത്രികർക്കു ടിബറ്റൻ പീഠഭൂമിയുമായി പൊരുത്തപ്പെടാൻ കഴിയും. ബെയ്സ് ക്യാംപ്, ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ന്യാലത്തു താമസം.

ഹാൻഡ് ബാഗ്, ഫ്ളാസ്ക്

കൈലാസത്തിലേക്കുള്ള കാൽനട യാത്രയ്ക്കു വേണ്ടതെല്ലാം വലിയ ഒരു ബാഗിൽ നിറയ്ക്കുക. സംഘത്തിലുള്ളവരുടെ വലിയ ബാഗുകളെല്ലാംകൂടി ട്രെക്കിൽ കയറ്റിയാണ് കൊണ്ടു വരുക. അതുവരെ ഉപയോഗിക്കാനുള്ള അത്യാവശ്യ സാധനങ്ങൾ ഹാൻഡ് ബാഗിൽ നിറച്ച് തോളിൽ തൂക്കുക. തോർത്ത്, കഴുത്തിൽ ചുറ്റാനുള്ള സ്കാർഫ്, സ്വെറ്റർ, ചൂടുവെള്ളം നിറച്ച ഫ്ളാസ്ക്, മുഖത്തും ചുണ്ടിലും പുരട്ടാനുള്ള ക്രീമുകൾ എന്നിവ ഹാൻഡ് ബാഗിൽ വയ്ക്കുക.

സാഗ എന്ന സ്ഥലം കടന്ന് അഞ്ചാം നാൾ ഉച്ച കഴിഞ്ഞ് മാനസസരോവറിൽ എത്തും. വിസ്തരിച്ചൊരു കുളിയാണ് മാനസസരോവറിലെ ആദ്യ പരിപാടി. കുളിക്കാനുള്ള സാധനങ്ങൾ എടുത്തു വയ്ക്കാൻ മറക്കരുത്. കുളി കഴിഞ്ഞ് ധരിക്കാനായി ജീൻസ് വസ്ത്രമാണു നല്ലത്. പിറ്റേന്നു രാവിലെ മൃത്യുഞ്ജയ ഹോമത്തിനു ശേഷം കുളി കഴിഞ്ഞ് വസ്ത്രം മാറുന്നതോടെ ഹാൻഡ് ബാഗിന്റെ ഉപയോഗം കഴിയുന്നു.

kailasa4

ഇനി പരിക്രമയാണ്. ആരോഗ്യത്തിൽ നന്നായി ശ്രദ്ധിക്കണം. സൂപ്പ് പരുവത്തിലുള്ള ഭക്ഷണം ക്ഷീണം ഒഴിവാക്കും. പൂരി, റൊട്ടി, ചപ്പാത്തി എന്നിവ കിട്ടുമെങ്കിലും കഞ്ഞിയാണ് കൈലാസ യാത്രയിൽ അനുയോജ്യം. മൂന്നു നേരവും കഞ്ഞി കുടിക്കുന്നതാണ് നല്ലത്. നല്ല ഇനം അച്ചാർ, ചവച്ചു തിന്നാൻ പറ്റിയ മിക്സ്ചർ, ഡ്രൈ ഫ്രൂട്സ് എന്നിവ വാങ്ങിവയ്ക്കുക.

ഫ്ളാസ്ക്, ബലമുള്ള കുപ്പി എന്നിവ ബാഗിലുണ്ടാകണം. ഓരോ സ്ഥലത്തു നിർത്തുമ്പോഴും ചൂടുവെള്ളം ഫ്ളാസ്കിൽ നിറയ്ക്കുക. ത്രി ഇൻ വൺ കോഫി പായ്ക്കറ്റുകൾ ചൂടു വെള്ളത്തിൽ കലക്കി കാപ്പിയുണ്ടാക്കി കുടിക്കാം. വെള്ളക്കുപ്പി എപ്പോഴും നിറച്ചു വയ്ക്കുക.

പരിക്രമ ആരംഭിച്ചാൽ ഇടയ്ക്കിടെ വെള്ളം കുടിക്കണം. മൂത്രത്തിന്റെ നിറം മഞ്ഞയാകുമ്പോൾ ശരീരത്തിൽ ജലാംശം കുറഞ്ഞെന്നു മനസ്സിലാക്കുക. മൂത്രത്തിന്റെ നിറം തെളിയുന്നതു വരെ ധാരാളം വെള്ളം കുടിക്കണം. അല്ലാത്ത പക്ഷം യാത്ര തടസ്സപ്പെടും.

‘‘നാലഞ്ചു തവണ ശബരി മല പോയതാണ്, സ്ഥിരമായി മല കയറുന്നയാളാണ്’’ തുടങ്ങി മുൻകാല അനുഭവങ്ങളെ ആധാരമാക്കിയുള്ള അമിത ആത്മവിശ്വാസം ഒഴിവാക്കുക. ശരീരം, മനസ്സ്, ബുദ്ധി, ബോധം എന്നിവ കൃത്യമായി പ്രവർത്തിപ്പിച്ച് ടിബറ്റിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുക.

കിടപ്പ്, ഇരിപ്പ്, നടത്തം, വർത്തമാനം എന്നിവയെല്ലാം നിയന്ത്രിക്കുക. സൗഹൃദങ്ങൾ, നാട്ടുകാർ, മൊബൈൽ ഫോൺ, ബാങ്ക് ബാലൻസ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ കാര്യങ്ങളെല്ലാം മറക്കുക. കൈലാസം നില കൊള്ളുന്ന മണ്ണിനെ ദൈവമായി കണ്ട്, യാത്രയ്ക്കുവേണ്ടി മനസ്സ് സമർപ്പിക്കുക; തീർച്ചയായും ലക്ഷ്യത്തിലെത്താൻ കഴിയും.

പരിക്രമയുടെ ആദ്യ രണ്ടു ദിനങ്ങൾ കഷ്ടപ്പാടുകളുടേതാണ്. ആ ബുദ്ധിമുട്ടാണ് കൈലാസ യാത്രയുടെ സുഖമെന്നു തിരിച്ചറിയുക. മൂന്നം ദിവസം നിരപ്പായ സ്ഥലത്തു കൂടിയാണ് യാത്ര. ഏറെ നേരം സൈക്കിൾ ചവിട്ടിയ ശേഷം കുന്നിറങ്ങുന്നതുപോലെ സുഖകരമാണ് മടക്കയാത്ര.

സൺക്രീം, പഴന്തുണി

പൊരിവെയിലും കൊടും തണുപ്പുമാണ് കാലാവസ്ഥ. സൺക്രീം നിർബന്ധം. നൂറു ഗ്രാമിന്റെ കണ്ടെയ്നറുകൾ രണ്ടോ മൂന്നോ എണ്ണം വേണ്ടി വരും. മുഖത്തും കയ്യിലും കാലിലും സൺക്രീം തേച്ചില്ലെങ്കിൽ തൊലി പൊള്ളി അടർന്നു വരും. ചുണ്ടിൽ‌ ഈർപ്പം നിലനിൽക്കാനായി വാസലിൻ പോലുള്ള ക്രീം പുരട്ടുക. മുന്തിയ നിലവാരമുള്ള ക്രീമുകൾ വാങ്ങാൻ ശ്രദ്ധിക്കുക. നല്ല ക്രീമുകളുടെ കണ്ടെയ്നറുകൾ ബലമുള്ളതായിരിക്കും. ക ണ്ടെയ്നർ നല്ലതല്ലെങ്കിൽ ബാഗിനുള്ളിൽ അതു പൊട്ടിയൊലിച്ച് വസ്ത്രങ്ങൾ നാശമാകും.

ടൂത്ത് പേസ്റ്റ്, മൗത്ത് വാഷ്, ഹാൻഡ് വാഷ്, പെട്രോളിയം ജെല്ലി, വെറ്റ് ടിഷ്യൂ, ടോയ്‌ലെറ്റ് ടിഷ്യൂ എന്നിവ നിർബന്ധമായും വാങ്ങുക. ഇത്തരം സാധനങ്ങളുടെ ചെറിയ പായ്ക്കറ്റുകൾ വാങ്ങാൻ ശ്രദ്ധിക്കുക. കട്ടിയുള്ള സോപ്പ് ഒഴിവാക്കുക. ദ്രാവക രൂപത്തിലുള്ള സോപ്പ് സുലഭമാണ്.

kailasa5

കൊടും തണുപ്പിൽ ഉപയോഗിക്കാൻ കോട്ട ൻ ടവലുകളാണ് നല്ലത്. പഴയ തുണി മുറിച്ച് നാലഞ്ചു കഷണങ്ങളാക്കി ബാഗിൽ കരുതുക. കുളിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ ചൂടുവെള്ളത്തിൽ ഈ തുണി മുക്കി ദേഹം തുടയ്ക്കാം.

സമുദ്ര നിരപ്പിൽ നിന്ന് ഓരോ അടി ഉയരത്തിലേക്കു കയറുമ്പോഴും വെയിലിനു ശക്തി കൂടും. ഈ സാഹചര്യത്തിൽ കണ്ണുകളെ സംരക്ഷിക്കാൻ സൺ ഗ്ലാസ് നിർബന്ധം. കണ്ണുകളും കവിളും മറയ്ക്കുംവിധം വട്ടമുള്ള ഗ്ലാസുകളോടുകൂടിയ കണ്ണട വാങ്ങാൻ ശ്രദ്ധിക്കുക. ഡോക്ടർമാർ ഉപയോഗിക്കുന്ന തരം മൗത്ത് മാസ്ക് നാലഞ്ചെണ്ണം നിർബന്ധം. പീഠഭൂമിയിലെ പൊടിക്കാറ്റിൽ നിന്നു ശ്വാസകോശങ്ങളെ രക്ഷിക്കാൻ വേറെ വഴിയില്ല. പുറത്ത് പച്ചനിറവും ഉൾഭാഗം വെളുത്തതുമായ മാസ്ക് വാങ്ങുക. ഉപയോഗിച്ച ഭാഗം തിരിച്ചറിയാനാണിത്.

കൈലാസത്തിൽ സാറ്റലൈറ്റ് ഫോ ണുകൾക്കാണ് റെയ്ഞ്ചുള്ളത്. ചില മൊബൈൽ ഫോൺ കമ്പനികളുടെ സിഗ്‌നൽ കിട്ടുമെങ്കിലും ചൈനീസ് നെറ്റ്‌വർക്കുകളിൽ കോൾ ചാർജ് ഉയർന്നതാണ്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രം ഫോൺ വിളിക്കുക. കൈലാസം എന്ന ലക്ഷ്യത്തിൽ മനസ്സുറപ്പിച്ച്, വർത്തമാനത്തിന്റെ അളവു കുറയ്ക്കുക.

വലിയ ബാഗ് നിറയ്ക്കുമ്പോൾ

കനം കുറഞ്ഞ ബെഡ് ഷീറ്റ്, തലയിണ എന്നിവ കരുതുക. കഴുത്തിൽ ചുറ്റാൻ നീളമുള്ളതും കട്ടികൂടിയതുമായ സ്കാർഫ് വാങ്ങുക. സ്വെറ്റർ, തെർമൽ വിയർ എന്നിവയ്ക്കൊപ്പം ട്രാക് സ്യൂട്ടിന്റെ മാതൃകയിലുള്ള കോട്ടൻ പാന്റ്സ് വാങ്ങുക. അഴിക്കാനും ഇടാനും എളുപ്പമുള്ളവ വാങ്ങുക. നെഞ്ചിൽ തണുപ്പടിക്കാതിരിക്കാൻ സ്ലീവ് ലെസ് സ്വെറ്ററുകൾ ഉപയോഗിക്കാം. ഡൗൺ ജാക്കറ്റുകളാണ് തണുപ്പിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലത്. ഡൗൺ ജാക്കറ്റുകൾക്കു മുന്തിയ വിലയാണ്.

കാലാവസ്ഥ മോശമായാൽ പരിക്രമയ്ക്കിടെ കൈലാസത്തിൽ ടെന്റടിച്ച് താമസിക്കേണ്ടി വരും. ഈ സമയത്ത് സ്ലീപ്പിങ് ബാഗുകൾ നിർബന്ധം. തെർമൽ വിയർ, സ്വെറ്റർ, ഷൂ എന്നിവയെല്ലാം ധരിച്ചാണ് സ്ലീപ്പിങ് ബാഗിൽ കയറേണ്ടത്.

നനഞ്ഞാൽ കുതിർന്നു പോകാത്ത ഷൂ, മികച്ചയിനം സോക്സ് എന്നിവ പരിക്രമ സമയത്തു ധരിക്കാനായി തിരഞ്ഞെടുക്കുക. സോക്സ് ധ രിച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കവറുകൊണ്ട് കാൽ പൊതിഞ്ഞ് ഷൂ ഇടുക. മഴയിൽ നിന്നു കാലുകളെ രക്ഷിക്കാൻ ഇതാണു പോംവഴി.

kailasa6

ആരോഗ്യനിലയും മരുന്നും

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ കൈലാസ യാത്രയ്ക്കു മുൻപ് ഡോക്ടറെ കണ്ട് മലകയറ്റത്തിന് തടസ്സങ്ങളില്ലെന്ന് ഉറപ്പു വരുത്തുക. മരുന്നു കഴിക്കുന്നവർ അവയെല്ലാം ബാഗിൽ എടുത്തു വയ്ക്കുക. അന്തരീക്ഷത്തിൽ ഓക്സിജന്റെ അളവു കുറയുമ്പോൾ മല കയറുന്നവർക്ക് കഠിനമായ തലവേദനയും ഛർദിയുമുണ്ടാകും. ഇതൊഴിവാക്കാനായി യാത്രയുടെ ആദ്യ ദിനം മുതൽ ഡയമോക്സ് എന്ന ഗുളിക കഴിക്കണം. ദിവസവും ഒരു ഗുളിക വീതമാണ് കഴിക്കേണ്ടത്. ഈ ഗുളിക മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കും. അമൃതാഞ്ജൻ, വേദന സംഹാരി മ രുന്നുകൾ, മുറിവിൽ പുരട്ടാനുള്ള ഓയിൻമെന്റ്, എയർ ഫ്രെഷ്നർ, പെർഫ്യൂം എന്നിവ ബാഗിൽ കരുതുക