മികച്ച ശമ്പളവും ഗ്ലാമറുമുള്ള ഐടി ജോലി രാജി വച്ച് സിനിമ പിടിക്കാനിറങ്ങുക. വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ രാഹുൽ റിജി നായർ എന്ന ചെറുപ്പക്കാരനെ നോക്കി നാട്ടുകാരൊക്കെ മൂക്കിൽ വിരൽവച്ചു. വർഷങ്ങൾക്കിപ്പുറം മികച്ച കഥാചിത്രത്തിനുൾപ്പെടെ നാലു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ സ്വന്തമാക്കി രാഹുൽ നിൽക്കുമ്പോൾ അന്നു കുറ്റപ്പെടുത്തിയവർ പോലും കട്ട സപ്പോർട്ടുമായെത്തുന്നു.
‘ഒറ്റമുറി വെളിച്ച’മെന്ന രാഹുലിന്റെ സിനിമയാണ് ഇക്കുറി മികച്ച കഥാചിത്രത്തിനും, മിക്കച്ച എഡിറ്റിങ്ങിനും, മികച്ച സഹനടിക്കും, അഭിനയത്തിനുള്ള പ്രത്യേക പരാമർശവും ഉൾപ്പെടെ നാലു അവാർഡുകൾ സ്വന്തമാക്കിയത്. സിനിമയിൽ നായികയായ വിനീത കോശി മികച്ച അഭിനയത്തിനുള്ള പ്രത്യേക പരാമർശം സ്വന്തമാക്കിയപ്പോൾ സഹനടിയായ പോളി വിൽസണും എഡിറ്ററായ അപ്പു ഭട്ടതിരിയും രാഹുലിനൊപ്പം പുരസ്കാരങ്ങൾ സ്വന്തമാക്കി.
പഠിക്കുന്ന കാലം മുതലേ സിനിമയും പാട്ടുമൊക്കെയായിരുന്നു രാഹുലിന്റെ ഇഷ്ടങ്ങൾ. അന്ന് നാടകമൊക്കെ സ്ക്രിപ്റ്റെഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. ക്യാംപസ് പ്ലേസ്മെന്റ് കിട്ടി മൈസൂരു ഇൻഫോസിസില്‍ ജോലിക്ക് ചേർന്നെങ്കിലും സിനിമ വിളിച്ചുകൊണ്ടേയിരുന്നു. ‘ഹ്യൂമൻ ബൗണ്ടറീസ്’ എന്ന ആധ്യ ചിത്രം തന്നെ ബ്രേക്ക് നൽകി. ഇന്ത്യയിലും യൂറോപ്പിലും പല ഫെസ്റ്റിവലുകളിൽ അവാർഡുകളും അംഗീകാരങ്ങളും നേടിയതിനു പുറമേ യുഎൻ ഹെഡ്ക്വാർട്ടേഴ്സിലുൾപ്പെടെ ചിത്രം പ്രദർശിപ്പിച്ചു. പിന്നീട് ചെയ്ത ‘ട്രോൾ ലൈഫ്’ എന്ന ഷോർട്ട് ഫിലിം ഏഷ്യയിലെ ഏറ്റവും വലിയ ഫിലിം മേക്കിങ് ചാലഞ്ചിൽ പ്ലാറ്റിനം ഫിലിം ഓഫ് ദ് ഇയർ പദവി നേടി.
നാട്ടിൽ ടിസിഎസിൽ ജോലിക്കു ചേർന്നെങ്കിലും 2011ൽ രാഹുലും കുറച്ച് കൂട്ടുകാരും ചേർന്ന് ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് എന്ന പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചു. സുഹൃത്തുക്കളുടെ ഈ കൂട്ടായ്മയിൽ അംഗങ്ങളാണ് എഡിറ്റർ അപ്പു ഭട്ടതിരിയും ആനന്ദം ഫെയിം വിനീത കോശിയും. വിനീതയെയും അഭിമന്യൂ രാമാനന്ദനെയും നായികാനായകന്മാരാക്കി നേരത്തേ ഒരു മ്യൂസിക് ആൽബവും രാഹുൽ ചെയ്തിരുന്നു. യുഎസ്ടി ഗ്ലോബലിൽ ജോലി ചെയ്യുന്ന ഭാര്യ നിത്യയ്ക്കൊപ്പം തിരുവനന്തപുരത്താണ് രാഹുൽ താമസിക്കുന്നത്.