ആലുവ: കീടങ്ങളെ തുരത്തി നെൽപാടം കാക്കാൻ ബന്തിപ്പൂക്കളും കുറ്റിപ്പയറും. ജില്ലയിൽ ആദ്യമായി ചൂർണിക്കര പഞ്ചായത്തിൽ നടപ്പാക്കിയ പ്രകൃതിദത്തമായ കീടനിയന്ത്രണ പദ്ധതി വൻ വിജയം. കൃഷിയിടമായ ചവർപാടത്തിന്റെ നടുവിലെ അമ്പാട്ടുകാവ് സഡക് റോഡ് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാത പോലെ സുന്ദരവുമായി. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ‘ഫോട്ടോ പോയിന്റാ’യി മാറിയ ചവർപാടം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. പൂന്തോട്ടത്തിലെ ചാരുബഞ്ചിലിരുന്നു പടമെടുക്കാനും കാറ്റുകൊള്ളാനും വരുന്നവർ ഇതിനിടെ പൂക്കൾ പറിക്കാൻ തുടങ്ങിയതു വിനയായി.വയലിന്റെ രക്ഷകരെ പിഴുതെറിയുന്നതു ശിക്ഷാർഹമാണെന്നു കാട്ടി പഞ്ചായത്ത് സെക്രട്ടറിക്കു ബോർഡ് വയ്ക്കേണ്ടിവന്നു. നെൽച്ചെടികളെ ശത്രുകീടങ്ങളുടെ ആക്രമണത്തിൽ നിന്നു രക്ഷിക്കുന്ന ദൗത്യമാണ് ഈ പൂക്കൾ ഏറ്റെടുത്തിരിക്കുന്നത്.
നാലായിരം ബന്തിച്ചെടികൾ
രണ്ടു പതിറ്റാണ്ടു തരിശുകിടന്ന ചവർപാടത്ത് 15 ഏക്കർ സ്ഥലത്തു ജനകീയാസൂത്രണ പദ്ധതി പ്രകാരം രണ്ടാംഘട്ട തരിശുനെൽകൃഷിയാണ് ഇപ്പോൾ ഇറക്കിയിരിക്കുന്നത്. സർക്കാരിന്റെ ‘റൈസ് ഇന്നൊവേഷൻ’ പദ്ധതിയിലും ഇതുൾപ്പെടുത്തിയിട്ടുണ്ട്. രാസകീടനാശിനി പ്രയോഗം പൂർണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പാടത്തിനു ചുറ്റും ഒന്നര കിലോമീറ്റർ നീളത്തിൽ 4,000 ബന്തിച്ചെടികൾ നട്ടുവളർത്തിയിരിക്കുന്നു. കുറ്റിപ്പയറുമുണ്ട്. മൂന്നു തട്ടായാണ് കൃഷി. ഏറ്റവും മുകളിൽ റോഡരികിൽ ബന്തിപ്പൂ. തൊട്ടുതാഴെ കുറ്റിപ്പയർ. അതിനും താഴെ നെൽച്ചെടികൾ. പഞ്ചായത്തും കൃഷിഭവനും ‘അടയാളം’ സ്വയംസഹായ സംഘവുമാണു നേതൃത്വം നൽകുന്നത്.
ശത്രുകീടങ്ങളേ വിട
‘ഉമ’ വിത്താണ് പാടത്തു കൃഷി ചെയ്തിരിക്കുന്നത്. ചുറ്റിലും ഫ്ലൂറസന്റ് നിറമുള്ള ആഫ്രിക്കൻ മെറി ഗോൾഡ് ബന്തിപ്പൂക്കൾ. കീടങ്ങളെ ആകർഷിക്കുന്ന നിറമായതുകൊണ്ടാണ് ഇതു തിരഞ്ഞെടുത്തത്. പൂമ്പൊടിയും തേനും നുകരാനെത്തുന്ന മിത്രകീടങ്ങൾ, നെൽച്ചെടിയെ ആക്രമിക്കാനെത്തുന്ന ശത്രുകീടങ്ങളെ പാടത്ത് എത്തുംമുൻപേ കൊന്നൊടുക്കുന്നു. ശത്രുകീടങ്ങളുടെ മുട്ടയും ലാർവയും തിന്ന് അവ പെരുകുന്നതു തടയുകയും ചെയ്യും. നെൽച്ചെടിക്കു ചിനപ്പു പൊട്ടലും ബന്തിയുടെ പൂവിടലും ഒരേ സമയത്തായാലേ ഇതു നടക്കൂ. ചവർപാടത്തെ നെൽച്ചെടികൾക്ക് 70 ദിവസം മൂപ്പായി. ചിനപ്പ് പൊട്ടിത്തുടങ്ങി. 55 ദിവസം കൂടി കഴിഞ്ഞാൽ വിളവെടുക്കാം. രാസകീടനാശിനിയെ പടിക്കു പുറത്താക്കുന്നതിനൊപ്പം പൂവും പയറും വിറ്റു കാശുണ്ടാക്കാനും കഴിയും. പാടവരമ്പിനോടു ചേർന്ന് അനശ്വര ഇനത്തിൽപ്പെട്ട കുറ്റിപ്പയറും പൂവിട്ടു തുടങ്ങി. നെൽച്ചെടിയുടെ ഹരിതഭാഗം കാർന്നുതിന്നും കോശങ്ങളിലെ നീരു വലിച്ചുകുടിച്ചുമാണു ശത്രുകീടങ്ങൾ കൃഷി നശിപ്പിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്