'ചക്കരമാവിൻ കൊമ്പത്ത്'എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ ടോണി ചിറ്റേട്ടുകളം സംവിധാനം നിർവഹിച്ച 'ചക്കരമാവിൻ കൊമ്പത്ത്'ൽ ബാലതാരമായ ഗൗരവ് മേനോൻ, അഞ്ജലി നായർ, ജോയ് മാത്യു, മീര വാസുദേവൻ, ഹരിശ്രീ അശോകൻ, ഡെറിക് രാജൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കുടുംബവും അതിനെ കൂട്ടിയിണക്കുന്ന സ്നേഹവും കുട്ടികളുടെ ഭാവിയെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നതൊക്കെ മനോഹരമായി അവതരിപ്പിച്ച് സാമൂഹ്യപ്രതിബദ്ധതയുള്ള ആശയമാണ് ചിത്രം പറയുന്നത്.
കഥയും തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് അർഷാദ് ബത്തേരിയാണ്. ഛായാഗ്രഹണം ജോബി ജെയിംസും ചിത്രസംയോജനം കെ രാജഗോപാലുമാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും ചിട്ടപ്പെടുത്തിയിട്ടുള്ളത് ബിജിബാലാണ്.
ബ്രാൻഡെക്സ് പ്രൊഡക്ഷൻസിന്റെയും ചിറയിൽ ഫിലിംസിന്റെയും ബാനറുകളിൽ ജിംസൺ ഗോപാലും രാജൻ ചിറയിലും ചേർന്നാണ് 'ചക്കരമാവിൻ കൊമ്പത്ത്' നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒഫീഷ്യൽ മ്യൂസിക് പാർട്ണറായ മ്യൂസിക്24x7ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തിറക്കിയത്.